01:10am 22 September 2026
NEWS
''എന്റെ ഭാര്യയല്ലേ കൂടെയുള്ളത്; എന്തിനാണിത്ര ടെൻഷൻ''; പ്രതിപക്ഷ നേതാക്കൾ പോയതുപോലെയല്ല താൻ വിദേശയാത്ര പോയതെന്ന് മന്ത്രി ജനീഷ്
21/09/2026  01:46 PM IST
nila
എന്റെ ഭാര്യയല്ലേ കൂടെയുള്ളത്; എന്തിനാണിത്ര ടെൻഷൻ; പ്രതിപക്ഷ നേതാക്കൾ പോയതുപോലെയല്ല താൻ വിദേശയാത്ര പോയതെന്ന് മന്ത്രി ജനീഷ്

തിരുവനന്തപുരം: മന്ത്രിയായ ശേഷം നടത്തിയ രണ്ട് വിദേശയാത്രകളെച്ചൊല്ലി വിവാദമുണ്ടാക്കേണ്ട സാഹചര്യമില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. ഖത്തറും ഒമാനും സന്ദർശിച്ചത് മലയാളി സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളും മറ്റും നടത്തിയ വിദേശയാത്രകളുടെ മാതൃകയിലല്ല താൻ പോയതെന്നും മന്ത്രി പറഞ്ഞു.

ഭാര്യയെയും മകളെയും മകളുടെ മകളെയും ഉൾപ്പെടെ കുടുംബസമേതമാണ് വിദേശയാത്ര നടത്തിയതെന്ന തരത്തിലുള്ള വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒമാനിലെ മസ്കറ്റ് സന്ദർശിച്ചത് ജിഡിപിഎസ് തൃശൂർ ജില്ലാ സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നുവെന്ന് ജനീഷ് പറഞ്ഞു. ശ്രീനാരായണ ഗുരു സ്ഥാപിച്ച സംഘടനയാണ് ജിഡിപിഎസ് എന്നും മന്ത്രി വിശദീകരിച്ചു. ഖത്തറിൽ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പരിപാടിയിലും പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകൾ ജനപ്രതിനിധികളെ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട്. സമയവും സാഹചര്യവും അനുസരിച്ചാണ് ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും സന്ദർശനത്തിനിടെ ഇന്ത്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയതായും ജനീഷ് വ്യക്തമാക്കി. ഖത്തറിലെ കൂടിക്കാഴ്ചയിൽ ജയിലിൽ കഴിയുന്ന പ്രവാസി മലയാളികളുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പോലും പാടില്ലെന്ന നിലപാട് ഏത് കാലത്തേതാണെന്ന് ചിന്തിക്കണമെന്നും ജനീഷ് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളെ പോസിറ്റീവായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു ചാനലിൽ മന്ത്രിയുടെ ഭാര്യ കൂടെയുണ്ടെന്ന് പറയുന്നതു കേട്ടു. എൻറെ ഭാര്യയല്ലേ കൂടെയുള്ളത്. എന്തിനാണിത്ര ടെൻഷൻ. എനിക്ക് 37 വയസാണ്. തന്ത വൈബ് പിടിക്കാൻ ഉദ്യേശിക്കുന്നില്ല. സർക്കാറിന് ബുദ്ധിമുട്ടില്ലാതെ ചുമതലയിൽ പോരായ്മ വരുത്താതെ പൗരൻറെ നികുതി പണം ഉപയോഗിക്കാതെ ഇനിയും ചെറിയ യാത്രകൾ പോകും', മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img